Thursday 20 February 2014

My censor board

ഒള്ളതു പറയാമല്ലൊ സുഹൃത്തുക്കളെ, ശാന്തിവിചാരം ഒന്നും ഇപ്പൊ ഇല്ല. ശാന്തിയ്ക്കും പോവാറില്ല. നോവല് വിചാരമാണ് ഇപ്പോള്. അതു മാത്രം. അഞ്ചുമാസമായിട്ട്. അറുനുറു പേജോളം എഴുതി. അത് എഡിറ്റു ചെയ്ത് പരമാവധി ചുരുക്കി നാനൂറിന് അടുത്ത് ആക്കണം !

ഇതു തന്നെ ഇപ്പോഴത്തെ പണി. ബോറടിക്കുമ്പോള് ഫേസ്ബുക്കില് കയറും. അപ്പോള് അതിനേക്കാള് ബോറടിയാവും ചിലപ്പോള്. അധികം ആലോചിക്കാനൊന്നും മെനക്കെടാതെ അതും ഇതും ഒക്കെ കമന്റുകള് എഴുതാന് തുടങ്ങി. ചിലര്ക്ക് പരിഭവമായി. ചിലര് പിണങ്ങി. അതൊക്കെ അങ്ങനെ കിടക്കും.

നോവല് പ്രമുഖവ്യക്തികള് പരിശോധിച്ചു നല്ല അഭിപ്രായം പാസ്സാക്കാന് തുടങ്ങി. മൂന്ന് പ്രൊഫസര്മാര് നോക്കി. പാലക്കീഴ് നാരായണന് നമ്പൂതിരി , നീലമന കേശവന് നമ്പൂതിരി, തെക്കുംകൂര് തമ്പുരാന് സോമവര്മരാജ എന്നിവര്. ചെറിയ ഒരു ഭാഗം മാത്രമേ ഇവരുമായി ഇതുവരെ ഷെയര് ചെയ്തുള്ളൂ. വായിച്ച വ്യക്തികളുടെ അഭിപ്രായം കണക്കിലെടുത്ത് പലതവണ പരിഷ്കാരങ്ങള് വരുത്തിയിട്ടുണ്ട്.

വൈദികപരിഷത്ത് എന്ന നമ്പൂതിരി ആചാര്യ സംഘടന ഇത് പ്രസിദ്ധീകരിക്കാന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന വസ്തുത സസന്തോഷം അറിയിക്കുന്നു. ഒരു പേജു പോലും വായിക്കാതെ തന്നെ. തീര്ച്ചയായും ഇതൊരു അംഗീകാരമാണ്.പക്ഷെ ആരെയും ഒന്നും ഏല്പിച്ചിട്ടില്ല.  

ശ്രീപദ്മനാഭദാസനെന്ന് അറിയപ്പെട്ടിരുന്ന ഉത്രാടം തിരുനാള് മാര്ത്താണ്ഡവര്മയ്ക്ക് രാജര്ഷി എന്ന പദവി കല്പിച്ചു നല്കിയത് ഈ സംഘടനയാണ്. അതിനുശേഷം അദ്ദേഹത്തിന്റെ ഔദ്യോഗികരേഖകളിലെല്ലാം ആ ബഹുമതിയാണ് വയ്ക്കുന്നത് എന്ന് അറിയുന്നു. വൈദികപരിഷത്തിന്റെ പട്ടദാനം വിവാദമായിരുന്നു. ബോധപൂര്വമായ അവഗണന നേരിടേണ്ടി വരുന്ന സ്ഥിതിവിശേഷം സമുദായത്തിനുള്ളപ്പോള് ആ പരിമിതി ആചാര്യസംഘടനയ്ക്കും വന്നു കൂടുക സ്വാഭാവികം. 

എന്തിനേയും നിരാകരിക്കുക എന്നതാണല്ലൊ കേരളീയരുടെ സാംസ്കാരികപ്രബുദ്ധത. അതൊരു പൊതുസ്വഭാവം ആയിരിക്കുന്നു. ആ പൊതുവികാരം കണക്കിലെടുക്കാന് മാധ്യമങ്ങളും എഴുത്തുകാരും ഒരു പരിധിവരെ പ്രേരിതരാകുന്നു. 

ആരും പ്രസിദ്ധീകരിച്ചില്ലെങ്കില് വൈദികപരിഷത്ത് പ്രസിദ്ധീകരിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇളങ്ങള്ളൂര് കൃഷ്ണന് നമ്പൂതിരിയോട് നോവലിസ്റ്റ് എന്ന നിലയില് എനിക്കുള്ള വ്യക്തിപരമായ നന്ദി ഈ ബ്ലോഗിലൂടെ രേഖപ്പെടുത്തുന്നു. 

ഇന്നലെ 350 പേജോളം പ്രിന്റെടുത്തു. ആദ്യവായനയ്ക്കുള്ള അവകാശം മറ്റാര്ക്കും വിട്ടുകൊടുത്തിട്ടില്ല. അത് എന്റെ കുടുംബിനിയായ ബിന്ദുവിന്റെ ഇഷ്ടപ്പെട്ട  ജോലിയാണ്. അവരത് ആസ്വദിച്ചു വായിക്കുന്നതു കണ്ടപ്പോള് ഇനി ഇത് പ്രസിദ്ധീകരിച്ചില്ലെങ്കിലും വേണ്ടില്ല എന്നു തോന്നി. നല്ല ഒരു ചിരി ആദ്യ പ്രതിഫലമായിക്കിട്ടി. അതിന്റെ തൃപ്തി മനസ്സില് നിറഞ്ഞു നിന്നു.

ഏറ്റ സപ്താഹ വായനക്ക് സന്തോഷത്തോടെ പോവാമെന്നു വിചാരിച്ചു. പക്ഷെ ഉച്ചയായപ്പോള് പ്രകൃതം മാറി. പ്രിന്റെടുത്തത് മുഴുവന് വായിച്ചപ്പോള് അവരുടെ മുഖത്തെ എക്സ്പ്രഷന് സാരമായ മാറ്റം. കമന്റ് ഒന്നും പറയുന്നില്ലതാനും. ശരിക്കും മൂഡോഫ്.  എന്തോ പ്രശ്നമുണ്ടെന്ന് തീര്ച്ച. ദോഷം പറയുന്ന കാര്യത്തില് അവര്ക്ക് എന്റെ ഗുണം കിട്ടീട്ടില്ല. (അതു ഭാഗ്യം). ഒരു ഒറ്റരാശി പ്രശ്നം വയ്ക്കേണ്ട അവസ്ഥ. പിന്നെ കിള്ളിക്കിറുക്കി ചോദിച്ചു. അവിടെയാണോ പ്രശ്നം, ഇവിടെയാണോ പ്രശ്നം എന്നൊക്കെ. ആരു മറുപടി പറയാന്... !

സത്യം പറയാമല്ലൊ, കുറച്ച് Adult content ഞാന് എഴുതിയിരുന്നു. അതിനോടായിരുന്നു ശ്രീമതിക്ക് പരിഭവം. സെന്സര് ചെയ്യേണ്ടതിന്റെ ആവശ്യകത അവരെന്നെ ബോധ്യമാക്കി. ഒന്ന് എനിക്ക് ഉറപ്പാണ്, ഇത് കച്ചവടക്കാരുടെ കയ്യിലാണ് കിട്ടിയിരുന്നത് എങ്കില് ഒരു കാരണവശാലും ആ ഭാഗം ഡിലീറ്റ് ചെയ്യാന് പറയുകയില്ലായിരുന്നു. അശ്ലീലം ഇല്ലാത്ത എന്തു നോവല്... സുഖവായനയ്ക്ക് ഉള്ളതല്ലേ നോവല്.... പറയുമ്പോള് ഏതായാലും ശരിക്കും പറയണ്ടേ എന്നോര്ത്ത് ഞാനും പിശുക്ക് കാണിക്കാതെ വെച്ചു താങ്ങിയിരുന്നു  !

New generation trend കണ്ടില്ലെന്നു നടിക്കാന് എന്നെ പോലെ ഒരെഴുത്തുകാരന് പ്രയാസമാണ്.