Saturday 6 October 2012

വിദ്യാഭ്യാസക്കൃഷി


ദൈവികം ആയ വിജ്ഞാനം നെല്‍മണികള്‍ പോലെയാണ്. അതായത് ധാന്യ വിത്തുകള്‍. അവ വിതയ്ക്കണം എങ്കില്‍ ആ കൃഷിഭൂമി ആദ്യമായി  ജലസേചനം ചെയ്ത് , കിളച്ച് അല്ലെങ്കില്‍  ഉഴുത്, കളകള്‍ നീക്കം ചെയ്തു വിതയ്ക്കുന്നതിനു യോഗ്യം ആക്കേണ്ടതുണ്ട്.  അല്ലാതെ കാടുപിടിച്ചു കിടക്കുന്നിടത്ത് ആരും വിതയ്ക്കാറില്ല.  

എളുപ്പം മനസ്സിലാകാന്‍ ഒരു ഉപമ പറഞ്ഞു. ഇനി ഉപമാനങ്ങളുടെ താഴ്ന്ന തലത്തില്‍ നിന്നും ഉപമേയങ്ങളുടെ ഉയര്‍ന്ന തലത്തിലേക്ക് വരാം. എന്താണ് കാടുപിടിച്ച് കിടക്കുന്ന ഭൂമി? ആധുനികനായ ശരാശരി മനുഷ്യന്റെ മനസ്സാണ്. ഭൌതികമായ ദ്രവ്യങ്ങള്‍ക്ക് പിന്നാലെയുള്ള പരക്കം പാച്ചിലില്‍ ആണല്ലോ  അവന്റെ മനസ്സ്. അതിനിടയില്‍ മറ്റൊന്നിനും നേരമില്ല.  അതിലേക്കു ശുദ്ധം ആയ അറിവിന്റെ വിത്തുകള്‍ പാകുന്നതിനു നല്ല കര്‍ഷകന് സാധിക്കില്ല. പാത്രശോധന ചെയ്യാതെ നല്ല ഗുരുക്കന്മാര്‍ അറിവ് പകരുകയില്ല.  

കേന്ദ്ര ഗവ. ഉദ്യോഗസ്ഥന്‍ ആയിരുന്ന ഒരു കാരണവര്‍ മഹാ പിശുക്കന്‍ ആയിരുന്നു. അദ്ദേഹം പത്രം വായിച്ചിരുന്നത് എപ്പോള്‍ ആയിരുന്നു എന്നോ? രാവിലെ ഏതായാലും ടോയ്ലറ്റില്‍ കുറെ  സമയം വെറുതെ ഇരുന്നു കളയണമല്ലോ. 
ആ സമയനഷ്ടം അങ്ങനെ ലാഭിക്കാം എന്ന് കണ്ടു. അദ്ദേഹം വിവാഹിതന്‍ ആയ ശേഷം ഭാര്യ അദ്ദേഹത്തിന്റെ ടൈം ടേബിള്‍ ഒന്ന് എഡിറ്റ്‌ ചയ്തു. പത്രം വായന ബസില്‍ യാത്ര ചെയ്യുന്ന സമയത്തേക്ക് മാറ്റി. പകരം പത്രം വായിച്ചിരുന്ന സമയത്ത് ബ്രേക്ക് ഫാസ്റ്റ് എന്നാക്കി. നേരോ നുണയോ? 

ആള്‍ അടുത്തയിടയ്ക്ക് മരിച്ചു. മക്കളില്ല. ക്ഷേമ അന്വേഷണത്തിനും സഹതാപിക്കാനുമായി ചെല്ലുന്ന ബന്ധുക്കളെ അവര്‍ക്ക് സംശയം: കടം വല്ലതും ചോദിച്ചാലോ?   ഉണ്ടാക്കിയ സ്വത്തില്‍ ഒരംശം പോലും ബന്ധുക്കള്‍ക്ക് പോവാതെ ചില ആശ്രമങ്ങള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുന്നു. അതായത് അവര്‍ ഭര്‍ത്താവിന്റെ സമ്പാദ്യം കൊണ്ട് സമാധാനം വിലക്ക് വാങ്ങുന്നു എന്നര്‍ത്ഥം.

വീണ്ടും ഉപമ വന്നു. ആധുനിക മനുഷ്യന്റെ വിചാര വൈകല്യങ്ങള്‍ വരച്ചു കാണിക്കാന്‍ ഇതുപോലുള്ള ചിത്രങ്ങള്‍ കൂടിയേ തീരൂ. ആധുനിക സമൂഹത്തില്‍ ഇതുപോലെ വിചാരഗതിയില്‍ വൈകല്യങ്ങള്‍ ബാധിച്ചവര്‍ ഏറെയാണ്‌. അത് സൂചിപ്പിക്കാനും നിവൃത്തി ഇല്ല. പൊതു സമൂഹത്തെ  അപമാനിക്കല്‍ (as public insult) ആയി ചിത്രീകരിക്കും. 

ശാസ്ത്രീയ വീക്ഷണങ്ങളെ ബലി കഴിച്ചിട്ട് വേണം രാഷ്ട്രീയ വാദങ്ങള്‍ താല്‍ക്കാലികം ആയിട്ട് ആയാലും സ്ഥാപിച്ചു എടുക്കാന്‍ എന്നായിരിക്കുന്നു.  ശാസ്ത്രീയ വീക്ഷണവും രാഷ്ട്രീയവീക്ഷണവും തമ്മില്‍ ആണ് ഏറ്റുമുട്ടുന്നത്.   ഭൂരിപക്ഷ അഭിപ്രായവും വിദഗ്ധ അഭിപ്രായവും രണ്ടാണ്. അവ തമ്മിലുള്ള വൈരുധ്യങ്ങള്‍ പെരുകുമ്പോള്‍ സമാധാനത്തിനു വക ഇല്ലാത്ത അവസ്ഥ സമൂഹത്തില്‍ സ്വാഭാവികം ആയും ഉണ്ടാകുന്നു.

ഭരണ കര്‍ത്താക്കളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് അരക്ഷിതാവസ്ഥ കൂടുന്നു.സമാധാനപ്രവര്‍ത്തകര്‍ക്ക് ചിന്തിക്കാന്‍ അവസരം നഷ്ടപ്പെടുകയും ചെയ്യുന്നു. ചിന്തിക്കാന്‍ കഴിയുന്നവര്‍ക്ക് സംസാരിക്കാന്‍ അവസരം നഷ്ടപ്പെടുന്നു. 

No comments:

Post a Comment