Wednesday 14 March 2012

An unusual comment

നമസ്കാരം,
എനിക്ക് കിട്ടുന്ന കമന്റുകള്‍ അധികവും facebook ലും email message രൂപത്തിലും ആണ്. blog ലെ comment window അത്ര പോര. എങ്കിലും അതിലൂടെയും ശ്രദ്ധേയമായ comments ലഭിക്കുന്നുണ്ട്. ശാന്തിവിചാരം  blog കേന്ദ്രമാക്കി യുള്ള ഈ പൊതു സംവാദ പ്രക്രിയയോട് ക്രിയാല്‍മകമായ വിമര്‍ശനങ്ങളും ആസ്വാദനങ്ങളും സന്ദര്‍ഭോചിതമായി നല്‍കിയിട്ടുള്ള രണ്ടുപേരാണ് നാരായണന്‍ നമ്പൂതിരി, ലാലേട്ടന്‍ എന്നിവര്‍. അസാധാരണമായ ഒരു കമന്റ് ഇന്നലെ ലാലേട്ടന്‍ പാസാക്കി. അത് ഇങ്ങനെ
  • പ്രതികരണശേഷിയാണ് നിലനില്‍പിന്റെ കാതല്‍, അതു നഷ്ടപ്പെട്ടാല്‍ പിന്നെ അവനെ ആരും വിലവെക്കുകയില്ല, എത്ര അവഹേളനം കേട്ടാലും എത്ര വഞ്ചിക്കപ്പെട്ടാലും അവരോടൊക്കെ ദൈവം ചോദിച്ചോളും എന്നു പറഞ്ഞു നിര്‍വികാരനായി ഇരിക്കുന്ന ഒരുവനെ ഒരാപത്തില്‍ തുണക്കു വിളിക്കാനാകുമോ? ഒക്കെ വിധി, ദൈവം എന്തെങ്കിലും ഒരു വഴി കാട്ടിത്തരും എന്നു സമാധാനിപ്പിക്കുന്നവനെ ഒരത്യാവശ്യത്തിനു സമീപിക്കാനാകുമോ? ഒരത്യാവശ്യത്തിനു ഉപകരിക്കാത്തവനെ ആര്‍ കൂടെ നിറുത്തും? പരശുരാമന്റെ ശാപം ഇപ്പോഴും പേറുന്നതുകൊണ്ടാകും കലോത്സവങ്ങള്‍ക്കു മാത്രം ഒരുമിച്ചു കൂടുന്ന ഒരു വിഭാഗത്തെ സമുദായാവശ്യങ്ങള്‍ക്ക് ഒരുമിപ്പിക്കാന്‍ കഴിയാത്തത്. എത്ര അപഹസിക്കപ്പെട്ടാലും പ്രതികരിക്കാത്തവന് എന്തു പ്രതിഷേധം? അലസത മുഖമുദ്രയാക്കിയവര്‍ക്കു എന്ത് പ്രവര്‍ത്തനം? പരസ്പരം പാര പണിയുന്നതു നിര്‍ത്തി ഒരു സമുദായത്തിന്റേയും അതുവഴി ഒരു സംസ്കാരത്തിന്റേയും വക്താക്കളാകേണ്ടവര്‍ അതിനു വേണ്ടി ശ്രമിച്ചു തുടങ്ങട്ടെ, ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല, താനേ ലഭിക്കേണ്ടതാണ്, പ്രവര്‍ത്തനത്തിന്റെ മഹത്വമനുസരിച്ച് താനേ വന്നോളും. 
ഇത് വായിച്ചിട്ട് എനിക്ക് ചിരിയാണ് വരുന്നത്. പരിഹാസം ആയി തെറ്റിദ്ധരിക്കരുത്. മറുപടി എഴുതണോ എന്നുപോലും തോന്നുന്നില്ല. എന്നാല്‍ ശ്രദ്ധേയം ആയ കമന്റ് ആണെന്നതില്‍ സംശയം ഇല്ല. അതിനു പിന്നിലുള്ള ചേതോവികാരത്തെ മാനിക്കുന്നു. മറുപടി എഴുതണമെന്നുണ്ട്. കുളം ആകുമോ എന്നൊരു ശങ്കയും. എന്നാലും നോക്കട്ടെ. സമാധാനത്തിനു range കിട്ടും എങ്കില്‍ തട്ടിയേക്കാം.


ആകാശം നിറയെ നക്ഷത്രങ്ങള്‍ ഉണ്ട്. അവ കോടിക്കണക്കിനു വരും. സൂര്യന്‍ എന്ന ഒറ്റ നക്ഷത്രം ഉദിച്ചാലോ.. ആ താരപ്രഭ എല്ലാം ഡിം. ആകാശത്തിന്റെ ഘടന എടുക്കുക. എന്താണ് അവിടുത്തെ മുഖ്യ വസ്തു? താരങ്ങള്‍ ആണോ, അതോ സൂര്യനോ? ഇവ രണ്ടുമല്ല. ശൂന്യത അല്ലെ? The sky is full of free space. അതിന്റെ അളവാണ് കൂടുതല്‍. അതില്‍ അങ്ങുമിങ്ങും ഒക്കെയേ ഉള്ളൂ ഓരോ നക്ഷത്രങ്ങള്‍. നക്ഷത്രങ്ങള്‍ തമ്മിലും ഉണ്ട് നല്ല അകലം. ഒരു നക്ഷത്രത്തിന് മറ്റൊന്നുമായി നിശ്ചിത അകലം പാലിച്ചേ മതിയാകൂ. ഈ ബ്രഹ്മാണ്ഡകഥ  ഇവിടെ നില്‍ക്കട്ടെ. നമുക്ക് അണുവിലേക്ക് വരാം. ഒരു  അണുവിന്റെ ഉള്ളില്‍ എന്തെകിലും ഉണ്ടോ? ശൂന്യ സ്ഥലം അല്ലെ അധികവും. protons, electrons തുടങ്ങിയവ കണങ്ങള്‍ ആയാലും തരംഗം ആയാലും (ശാസ്ത്രം കൃത്യമായി കണ്ടെത്തിയിട്ടില്ല, കൃത്യമായി കണ്ടെത്താന്‍ സാധിക്കില്ല എന്നാണു കണ്ടെത്തല്‍. (Heisenburg's Uncertainty principle)


രാഷ്ട്രീയക്കാര്‍  പരമാധികാരം കയ്യാളുന്ന നമ്മുടെ  പൊതുരംഗം എടുത്താല്‍ സത്യസന്ധത ഉണ്ടോ? ധാര്‍മികത ഉണ്ടോ? രാജാക്കന്മാര്‍ക്ക് ഇല്ലാത്ത നൈതികത പ്രജകളുടെ ഭാഗത്ത്‌ അത് ഉണ്ടോ? എന്നിട്ടും പൊതുവേ സമാധാനം നില നില്‍ക്കുന്നില്ലേ? എന്താണ് ഇതിനു കാരണം? നിയമവ്യവസ്ഥ യുടെ മഹത്വം ആണോ? നിയമവശാല്‍ വാഴ്ത്തപ്പെടുന്ന ഭരണഘടനയുടെ മികവ്  ആണോ? ഇന്ന് നിലനില്‍ക്കുന്ന സമാധാനത്തിന്റെ ലോകത്തെ പ്രധാന ഘടകം ഏതാണ് എന്ന് ചോദിച്ചാല്‍ ചില ആളുകളുടെ മൌനം എന്നാവും എന്റെ ഉത്തരം. നക്ഷത്രങ്ങള്‍ക്ക് ശോഭിക്കാനുള്ള ശൂന്യനഭസ്സു പോലെ ആണത്. അവിടെ ഒരു സൂര്യോദയം ഉണ്ടായാല്‍ പിന്നെ നക്ഷത്രങ്ങള്‍ എവിടെ പോകും? 
പ്രതികരണം ഉണ്ടായില്ല എന്നതിന്  പ്രതികരണ ശേഷി നഷ്ടപ്പെട്ടു എന്നര്‍ത്ഥമില്ല.  പ്രതികരണം ഒഴിവാക്കല്‍ ഒരു തന്ത്രം  ആണ്.  അത് ഒരു കല കൂടി ആണ്. നിങ്ങള്‍ എങ്ങനെ വേണം എങ്കിലും എറിഞ്ഞോളൂ. ഒരു കല്ല്‌ പോലും ഞങ്ങളുടെ ദേഹത്ത് കൊള്ളുകയില്ല എന്ന അചഞ്ചലമായ വിശ്വാസം. കുറെ കഴിയുമ്പോള്‍ എറിയുന്നവര്‍ക്ക് തന്നെ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. പക്ഷെ ഇന്ന് അതും കാണുന്നില്ല. എറിഞ്ഞു ശീലിച്ചവര്‍ എരിഞ്ഞുകൊണ്ടേ ഇരിക്കും. ഉണ്ടാവേണ്ട പ്രതികരണം ഒഴിവാക്കപ്പെടുന്നത് മുഖ്യമായും ഉള്ള സമാധാനം കളയണ്ടാ എന്ന് കരുതിയാണ്.


ഏതെങ്കിലും ഒരു വ്യക്തി, അവന്‍ ബ്രാഹ്മണന്‍ ആവട്ടെ, ചണ്ടാളന്‍ ആവട്ടെ, പറയുന്നത് സത്യം ആയാല്‍ ഇന്ന് നിലവിലുള്ള സമാധാനവും സ്വൈര്യവും പലര്‍ക്കും നഷ്ടപ്പെടും. അതല്ലേ സ്ഥിതി? അവനു പിന്‍ബലം നല്‍കാന്‍ സ്വന്തം മേല്‍വിലാസത്തിന് പോലും പിന്‍ബലം നല്‍കാന്‍ ആവാത്ത കൃത്രിമ വ്യക്തിത്വങ്ങള്‍ക്ക് കഴിയുമോ ആവോ.


Review after 2 days
ലാലേട്ടന്റെ കമന്‍റ് കണ്ടു.   

നക്ഷത്രങ്ങളും അവയുടെ അനന്തകോടി മടങ്ങ്‌ ശൂന്യ സ്ഥലവും ചേര്‍ന്നതാണ്  ആകാശം. അതുപോലെ രൂക്ഷമായ ഭൌതിക സാഹചര്യങ്ങളിലും ഇവിടെ ആത്മീയ  ലോകത്തു നില നില്‍ക്കുന്ന സമാധാനത്തിന്റെ മാനം നോക്കുക. ആത്മീയ ലോകത്ത് ശോഭിക്കുന്ന നക്ഷത്രങ്ങള്‍ അനവധി ഉണ്ട്. അവ സ്ഥിതി ചെയ്യുന്ന ആകാശത്തിലെ അവയുടെ അനന്തകോടി മടങ്ങ്‌ വരുന്ന ശൂന്യസ്ഥലം ഏതാണെന്നോ? ക്ഷമാശീലരുടെ മൌനം.  അവര്‍ മൌനം വെടിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഇന്ന് ഉള്ളതായി തോന്നുന്ന സമാധാനത്തിന്റെ മാനം ഇടിഞ്ഞു വീഴുമോ എന്ന ആശങ്ക എനിക്കും ഇല്ലാതില്ല. 

3 comments:

  1. സത്യം പറഞ്ഞാല്‍ കുറച്ചു free ആയി എഴുതാന്‍ തുടങ്ങിയത് ഇന്നലെ മുതല്‍ ആണ്. എഴുതുന്നത് സത്യസന്ധം എന്നപോലെ തന്നെ സാങ്കേതികം ആയും ആയിരിക്കണം എന്ന ദു:(?) ശാഠ്യം എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊന്നും നോക്കുന്നില്ല. വെച്ചുകാച്ചുക തന്നെ.

    ReplyDelete
  2. എങ്കില്‍ പിന്നെ എറിയുന്നവര്‍ എറിയട്ടെ, എറിഞ്ഞു മടുക്കുന്നതുവരെ എറിയട്ടെ, എന്തിനീ കോലാഹലം? തീര്‍ച്ചയായും എന്തു അസഭ്യവും പുലഭ്യവും പറഞ്ഞാലും കിട്ടേണ്ടതൊക്കെ നഷ്ടപ്പെട്ടാലും പ്രതികരിക്കാതിരിക്കുക എന്ന തന്ത്രം പ്രശംസനീയം തന്നെ, പിന്നെ സമാധാനം മാത്രമല്ല ആകെ ഒരു സുഖവും തോന്നും, ആലുമുളക്കുമ്പോള്‍ കിട്ടുന്ന സുഖം പോലെ. പ്രപഞ്ചത്തില്‍ ഒരിടവും ശൂന്യമല്ല, പൂര്‍ണ്ണവുമല്ല, രണ്ടു നക്ഷത്രങ്ങിള്‍ക്കിടയില്‍ കാണപ്പെടുന്ന ശൂന്യമെന്നു തോന്നുന്ന സ്ഥലങ്ങളിലൊന്നിലാണ് ഭൂമിയുടെ സ്ഥിതി.

    ഒരു നക്ഷത്രം പാലിക്കുന്ന അകലത്തെ മറ്റേ നക്ഷത്രവും ബഹുമാനിക്കുന്നുണ്ട്. അല്ലെങ്കില്‍ ഇങ്ങനെയാവുമായിരുന്നോ? പിന്നെ കലുഷിതമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ ചിലര്‍ക്കനുഭവപ്പെടുന്ന സമാധാനം നീറോ എന്ന ചക്രവര്‍ത്തിയെ ഓര്‍ത്താല്‍ മതി.

    ReplyDelete
  3. ലാലേട്ടന്റെ പ്രതികരണം പൂര്‍വാധികം ഗംഭീരം ആയിരിക്കുന്നു. നന്ദി. എനിക്ക് ചിരി തന്നെ ആണ് വരുന്നത്. ഇതുപോലുള്ള ഏറുകള്‍ കൊള്ളാന്‍ പ്രത്യേകമായ ഒരു സുഖം തന്നെ ഉണ്ട്‌ സാറെ... കാരണം ഇത് ആസ്ഥാനത്ത് മുളച്ച ആല്‍ അല്ല. കൃത്യ സ്ഥാനത്ത് തന്നെ ആണ് അത് വന്നു കൊള്ളുന്നത്. അര്‍ഹമായവ തന്നെ ആണ് എന്ന ഉത്തമബോധ്യം ഉണ്ട്‌. ഒരു വലിയ പ്രതിവിപ്ലവത്തിന്റെ ബീജാവാപം ആണ് താങ്കള്‍ ചെയ്യുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും. അങ്ങയുടെ മുന്‍ കമന്റുകള്‍ക്ക് പൂര്‍ണമായ മറുപടി എഴുതാന്‍ കഴിഞ്ഞിട്ടില്ല. തുടങ്ങി വെച്ച സ്ഥിതിക്ക് അതും ഇനി ദീര്ഘിപ്പിക്കാതെ നോക്കാം.

    ReplyDelete